ഇപ്പോൾ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഇന്ത്യ രാമ രാജ്യമാകാൻ പോകുന്നുവെന്ന്. മോദി പ്രധാന മന്ത്രിയായ ബിജെപി സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ രാമരാജ്യമെന്ന സങ്കല്പം സാക്ഷാൽക്കരിക്കുമെന്ന വാദത്തിന് ശക്തി കൂടി. രാമരാജ്യം സ്ഥാപിക്കപ്പെട്ടാൽ ന്യൂനപക്ഷങ്ങളും ദളിതരും അടിച്ച്മർത്തപ്പെടുമെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ രാമരാജ്യമെന്നാലെന്ത് ?
ശ്രീരാമൻറെ രാമരാജ്യത്തിനെ പറ്റി രാമായണത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ് ” രാമരാജ്യം സമ്പൽ സമൃദ്ധിയും ഐശ്വര്യവും ശാന്തിയും നിറഞ്ഞതായിരുന്നു. പട്ടിണിമരണങ്ങൾ രാമരാജ്യത്തിൽ ഉണ്ടായിരുന്നില്ല. ബാല മരണങ്ങൾ നടന്നിരുന്നില്ല. സ്ത്രീകൾ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജാതി വിശ്വാസ ഭേദമെന്യേ രാമരാജ്യത്തിൽ എല്ലാ ജനങ്ങളെയും ശ്രീരാമൻ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. തൻറെ പ്രജകളുടെ ക്ഷേമത്തിന് തൻറെ ഇഷ്ടങ്ങളെക്കാളേറെ പ്രാധാന്യം നൽകിയിരുന്നു. അത് കാരണമാണ് തൻറെ പ്രിയ പത്നിയായ സീതാ ദേവിയെ ഉപേക്ഷിക്കേണ്ട സാഹചര്യം പോലും വന്നത്.
രാമരാജ്യത്തിൽ ശ്രീരാമൻ വേദങ്ങളും പുണ്യ ഗ്രന്ഥ്ങ്ങളും തൻറെ പ്രജകളെ കൊണ്ട് പാരായണം ചെയ്യിപ്പിച്ചിരുന്നു . പുണ്യ പുണ്യ ഗ്രന്ഥ്ങ്ങളുടെയും പാരായണം രാജ്യത്തിന് ക്ഷേമവും ഐശ്വര്യവും നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു . ഗോക്കൾ, കുതിരകൾ തുടങ്ങി സകല മൃഗങ്ങളുടെയും പക്ഷികളുടെയും പോലും ക്ഷേമം അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. അവയെ പട്ടിണിക്ക് ഇടാനോ മുറിവേൽപ്പിക്കുവാനോ ശ്രീരാമൻ അനുവദിച്ചിരുന്നില്ല . അദ്ദേഹത്തിനെ കാണുമ്പോൾ സ്നേഹത്തോടെ ഈ മൃഗങ്ങൾ അരുകിൽ വന്നു മുട്ടിയുരുമ്മുന്നതും അവയെ ശ്രീരാമൻ ലാളിക്കുന്നതും രാമായണത്തിൽ വിവരിക്കുന്നുണ്ട് . ശ്രീരാമൻ വനവാസത്തിന് പോകുമ്പോൾ കണ്ണുനീർ വാർക്കുകയും മരിച്ച് വീഴുകയും ചെയ്തിരുന്ന നാൽക്കാലികളെ പറ്റി രാമായണത്തിൽ വിവരിക്കുന്നുണ്ട് . ശ്രീരാമനോടുള്ള അടക്കാനാകാത്ത ഇവരുടെ സ്നേഹമാണിക്കാര്യം വ്യക്തമാക്കുന്നത് .
അത് പോലെ തന്നെ ജാതി സമ്പ്രദായത്തിൽ ശ്രീരാമൻ വിശ്വസിച്ചിരുന്നില്ല. ആദിവാസ ഗോത്രത്തിൽപ്പെട്ട ഗുഹനെ തന്നോട് ചേർത്ത് നിർത്തി ശ്രീരാമൻ പറഞ്ഞത് ഗുഹൻ തൻറെ നാലാമത്തെ സഹോദരനെന്നാണ് . ശ്രീരാമനെ വിശേഷിപ്പിച്ചിരുന്നത് ആത്മ രാമനെന്നാണ് . അതായത് എല്ലാവരുടെയും ഉള്ളിലുള്ള അന്തരാത്മാവാണ് ശ്രീരാമനെന്നാണ് ഈ വിശേഷണം വ്യക്തമാക്കുന്നത്. തൻറെ പ്രജകളിൽ ശ്രീരാമൻ ദർശിച്ചതും തന്നെ തന്നെയാണ് . എല്ലാവരിലുമുള്ളത് ഏകാത്മാവെന്നുള്ള അദ്വൈത ബോധമാണ് ശ്രീരാമനെ കൊണ്ട് ജാതി ചിന്തകൾക്കതീതമായി എല്ലാവരിലും ഏകത്വം ദർശിക്കുവാനും പക്ഷഭേദമില്ലാതെ തൻറെ പ്രജകളെ ഒരു പോലെ സ്നേഹിക്കുവാനും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുവാനും കാരണമായത് .
അത് കൊണ്ട് രാജ്യം രാമരാജ്യമാകണമെങ്കിൽ ശ്രീരാമനെ പോലെ ചിന്തിക്കുന്ന ഒരു ഭരണാധികാരി ഉണ്ടാകണം. പ്രജകളെ സ്വന്തം പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു വ്യക്തി. തൻറെ വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് രാഷ്ട്രവും ജനതയുമെന്ന കരുതുന്ന ഒരു വ്യക്തി . ശ്രീരാമനെ ഗുഹനെ ചേർത്ത് നിറുത്തി പറഞ്ഞതു പോലെ ജാതി മത ഭേദമെന്യേ എല്ലാ ജനങ്ങളെയും ചേർത്തു നിർത്തി ഇവരെല്ലാം എൻറെ സഹോദരങ്ങളാണെന്ന് പറയുന്ന ഒരു ഭരണാധികാരി . രാമരാജ്യം സാക്ഷാൽക്കരിക്കപ്പെടുന്നത് അങ്ങനെയൊരാളുടെ കൈയ്യിൽ ഈ രാജ്യത്തിൻറെ ഭരണം വരുമ്പോഴായിരിക്കും .
No comments:
Post a Comment