Sunday, 31 May 2020

ആറ്റുകാലമ്മയുടെ കഥ

 തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ഇവിടത്തെ പൊങ്കാല മഹോത്സവം ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഉത്സവമെന്ന ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയിട്ടുണ്ട്, തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയാണ് ആറ്റുകാലമ്മയായി ക്ഷേത്രത്തിൽ കുടി കൊള്ളുന്നതെന്നാണ് വിശ്വാസം. ആ  കഥ ഇങ്ങനെയാണ് .
കാവേരിപ്പട്ടണത്തിൽ താമസിച്ചിരുന്ന ഒരു ധനിക വ്യാപാരിയുടെ മകനായിരുന്നു കോവലൻ . അദ്ദേഹം സുന്ദരിയും സദ്ഗുണവതിയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു . വിവാഹം കഴിഞ്ഞ് കണ്ണകിയും കോവലനും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു . കണ്ണകി കോവലനെ തൻറെ പ്രാണനെ പോലെ സ്നേഹിച്ചു . തൻറെ ഭർത്താവിന് സന്തോഷവും ക്ഷേമവും നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു കണ്ണകിയുടെ ശ്രദ്ധ .
അങ്ങനെയിരിക്കെ ഒരുനാൾ കോവലൻ അതി സുന്ദരിയും നർത്തകിയുമായ മാധവിയെ കണ്ടു മുട്ടുന്നു . കോവലനും മാധവിയും പ്രണയ ബദ്ധരാകുന്നു . അവളുടെ അഴകിൽ മഴങ്ങിയ കോവലൻ കണ്ണകിയെ ഉപേക്ഷിച്ച് മാധവിയെ സ്വീകരിക്കുന്നു. ഇക്കാര്യമറിഞ്ഞ കണ്ണകിയ്ക്ക് ഹൃദയം പിളരുന്ന വേദനയാണുണ്ടായത് . എന്നാൽ തൻറെ ആത്മാർത്ഥമായ സ്നേഹം മനസ്സിലാക്കി കോവാലൻ തന്നെ തേടി വരുമെന്ന് വിശ്വസിച്ച് കണ്ണകി കോവലന് വേണ്ടി കാത്തിരുന്നു . എന്നാൽ കോവലനോ തൻറെ സമ്പാദ്യമെല്ലാം മാധവിയ്ക്ക് വേണ്ടി ചിലവഴിച്ച് ആഡംബരത്തോടെ ജീവിക്കുകയായിരുന്നു . അവസാനം കോവലൻറെ കൈയ്യിലെ സമ്പാദ്യമെല്ലാം തീർന്നപ്പോൾ കോവലൻ മാധവിയുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു . തൻറെ തെറ്റ് മനസ്സിലാക്കിയ കോവലന് അതിയായ പശ്ചാത്താപം തോന്നി. മംഗല്യം ചെയ്ത പെണ്ണിനെ തന്നെ പ്രാണന് തുല്യം സ്നേഹിച്ച കണ്ണകിയെ ഉപേക്ഷിച്ചിതിന് ഈശ്വരൻ നൽകിയ ശിക്ഷയാണിതെന്ന് കോവാലന് തോന്നി .
കോവലൻ കണ്ണകിയെ തേടി വന്നു ,പറ്റിപ്പോയ തെറ്റിന് മാപ്പു ചോദിച്ചു . എന്നാൽ കണ്ണകി കോവലനെ കുറ്റപ്പെടുത്തത്താതെ ആശ്വസിപ്പിച്ചു . തനിക്ക് കോവലനോട് ദേഷ്യമില്ലെന്നും ആഗ്രഹിച്ചത് പോലെ തിരിച്ചു വന്നതിൽ താൻ സന്തുഷ്ടയാണെന്നും അറിയിച്ചു .പഴയ സന്തോഷകരമായ ജീവതത്തിലേക്ക് മടങ്ങാൻ കണ്ണകിയും കോവലനും തീരുമാനിച്ചു. എന്നാൽ സാമ്പത്തികമായ പ്രശ്‍നം കോവലനെ അലട്ടുന്നുണ്ടായിരുന്നു . എന്നാൽ കണ്ണകി കോവലൻറെ അവസ്ഥ മനസ്സിലാക്കി താൻ വളരെയധികം വിലമതിക്കുന്ന തൻ്റെ സ്വത്തായ രത്നങ്ങൾ നിറച്ച ചിലമ്പുകൾ വിൽക്കാനായി ഏൽപ്പിച്ചു .
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു അപ്പോഴത്തെ മധുരയിലെ രാജാവ് . ആ സമയം അവിടത്തെ രാജ്ഞിയുടെ മുത്തുകൾ നിറച്ച് ചിലമ്പുകൾ മോഷണം പോയിരുന്നു . അപ്പോഴായിരുന്നു കോവലൻ കണ്ണകിയുടെ ചിലമ്പുകൾ വിൽക്കാനായി അവിടെയെത്തിയത് .കണ്ണകിയുടെ ചിലമ്പുകൾക്ക് രാജ്ഞിയുടെ ചിലമ്പുകളുമായി നല്ല സാദൃശ്യമുണ്ടായിരുന്നു . എന്നാൽ വ്യത്യാസമെന്തെന്നാൽ രാജ്ഞിയുടെ ചിലമ്പുകൾ മുത്ത് നിറച്ചതും കണ്ണകിയുടെ ചിലമ്പുകൾ രത്നം നിറച്ചതുമായിരുന്നുവെന്നുതുമാണ്.എന്നാൽ രാജഭടന്മാർ കോവലിൻറെ കൈയ്യിലിരുന്ന ചിലമ്പുകൾ കണ്ട് രാജ്ഞിയുടെ ചിലമ്പുകളാണെന്ന് തെറ്റി ദ്ധരിച്ച് മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടി അദ്ദേഹത്തിനെ രാജാവിൻറെ മുന്നിലെത്തിച്ചു . രാജാവ് കോവലനെ മോഷ്ടാവെന്നു കരുതി വധശിക്ഷ വിധിച്ചു. ഭടന്മാർ കോവലനെ വധിച്ചു .
കോവലനെ വധിച്ച കാര്യമറിഞ്ഞ കണ്ണകി പ്രാണവേദനയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് രാജ സന്നിധിയിലെത്തി . കോവലൻറെ നിരപരാധിത്യം തെളിയിക്കാനായി ആ ചിലമ്പെടുത്ത് പൊട്ടിച്ചു . ചിലമ്പ് പൊട്ടിയപ്പോൾ വെളിയിൽ വന്നത് രത്നങ്ങളായിരുന്നു . രാജ്ഞിയുടെ ചിലമ്പുകളിൽ മുത്തുകളായിരുന്നല്ലോ ! പൊട്ടിച്ച ചിലമ്പിൽ നിന്നും വന്നത് രത്നങ്ങളുമായതിനാൽ അത് കണ്ണകിയുടെ ചിലമ്പുകളാണെന്ന് രാജാവിന് മനസ്സിലായി . നിരപരാധിയായ കോവലനെയാണ് വധിച്ചതെന്ന് മനസ്സിലാക്കിയ രാജാവും രാജ്ഞിയും ആ പാപഭാരം താങ്ങാനാവാതെ ജീവൻ വെടിഞ്ഞു .എന്നാൽ ഒരു തെറ്റും ചെയ്യാത്ത തൻറെ പ്രാണപ്രിയൻറെ മരണം കണ്ണകിയ്ക്ക് താങ്ങാനായില്ല. ക്രൂദ്ധയായ കണ്ണകിയുടെ ശാപത്താൽ മധുര നഗരമെരിഞ്ഞു ചാമ്പലായി .
                                                                 അതിനു ശേഷം കൊടുങ്ങല്ലൂരോട്ട്  യാത്ര തിരിച്ച കണ്ണകി ആറ്റുകാലിലെത്തി. ആറ്റുകാലിലെത്തിയ കണ്ണകി ബാലികയുടെ രൂപത്തിൽ അവിടത്തെ കിള്ളിയാറ്റിൻ കരയിലെത്തി. അപ്പോൾ അവിടത്തെ മുല്ലവീട്ടിൽ തറവാട്ടിലെ കാരണവർ കിള്ളിയാറ്റിൻ വന്നപ്പോൾ ഈ ബാലികയെ ദർശിച്ചു . താൻ ദൂര ദേശത്തിൽ നിന്നും വരികയാണെന്നും ഈ ആറു കടത്തി അക്കരെയിലോട്ട് വിടാൻ സഹായിക്കുമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു . നല്ല കോമളത്വം തുളുമ്പുന്ന ആ ബാലികയോട് വാത്സല്യം തോന്നിയ കാരണവർ കുട്ടിയെ തൻ്റെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു . എന്നാൽ തറവാട്ടിലെത്തിയ കുട്ടിയെ പെട്ടെന്നു കാണാതായി . കാരണവർ ബാലികയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല .അന്ന് രാത്രി ദേവി കാരണവരുടെ സ്വപ്നത്തിൽ പ്രത്യക്ഷ്യപ്പെട്ടു ബാലികയായി വന്നത് താനാണെന്നും, തനിക്ക് വേണ്ടി ഒരു ക്ഷേത്രം പണിയണമെന്നും നിർദ്ദേശിച്ചു . ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്ന് രേഖകൾ കാണുന്ന സ്ഥലത്താണ് ക്ഷേത്രം പണിയേണ്ടതെന്നും അറിയിച്ചു , ദേവിയുടെ ദർശനം ലഭിച്ച കാരണവർ ശൂലത്താൽ രേഖപ്പെടുത്തിയ മൂന്ന് രേഖകൾ കണ്ട സ്ഥലത്ത് ക്ഷേത്രം പണിയുകയും ദേവിയെ അവിടെ കുടിയിരുത്തുകയും ചെയ്തു . ഇവിടെ ഭക്തർക്ക് മാതാവായും അഭീഷ്ടദായിനിയായ ദേവിയായും ആറ്റുകാലമ്മയായി കുടി കൊള്ളുന്നു .

No comments:

Post a Comment