കേരളക്കരയുടെ കാർഷിക ഉത്സവമാണ് വിഷു . ശ്രീ കൃഷ്ണനുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു . കണിക്കൊന്ന കൊണ്ടലങ്കരിച്ച കൃഷണ വിഗ്രഹത്തെ കണിക്കണ്ടു കൊണ്ടാണ് മലയാളിയുടെ വിഷു ആഘോഷം ആരംഭിക്കുന്നത് . ഈ കണിക്കൊന്നയുമായി ബന്ധപ്പെട്ട ഐതീഹ്യ കഥയുണ്ട് .
ഗുരുവായൂരിൽ ശ്രീ കൃഷ്ണനെ വളരെയധികം ആരാധിച്ചിരുന്ന ഒരു കുഞ്ഞു ഭക്തനുണ്ടായിരുന്നു. ആ ഉണ്ണി ശ്രീകൃഷ്ണനെ കണ്ടിരുന്നത് തൻറെ കളിത്തോഴനായിട്ടായിരുന്നു . ആ നിഷ്കളങ്കമായ ഭക്തിയിൽ ആകൃഷ്ടനായി കണ്ണൻ ആ ഉണ്ണിവിളിക്കുമ്പോഴെല്ലാം പ്രത്യക്ഷപ്പെടുകയും അവനോടൊപ്പം കളിത്തോഴനായി കൂടുകയും ചെയ്തിരുന്നു. അവർ ഒരുമിച്ച് തൊടിയിലും പാടത്തുമെല്ലാം കളിച്ചു നടക്കുമായിരുന്നു. ആ കുഞ്ഞ് അതിനെ പറ്റി മറ്റുള്ളവരോട് പറയുമ്പോഴും ആരും വിശ്വസിച്ചിരുന്നില്ല.
ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഭക്തൻ മനോഹരമായ ഒരു സ്വർണ്ണമാല കണ്ണന് സമർപ്പിച്ചു . അന്ന് ആ മാലയുമിട്ടായിരുന്നു കണ്ണൻ തൻറെ കളിക്കൂട്ടുക്കാരൻറെയടുത്തെത്തിയത് . കണ്ണൻ അണിഞ്ഞിരുന്ന ആ മാല കണ്ട ഇഷ്ടമായ ഉണ്ണി അത് തനിക്കു തരുമോയെന്നു കണ്ണനോട് ചോദിച്ചു . കണ്ണൻ മാലയൂരി ഉണ്ണിക്ക് സമ്മാനമായി നൽകി.അന്നേ ദിവസം വൈകുന്നേരം പൂജാരി നട തുറന്നപ്പോൾ രാവിലെ വിഗ്രഹത്തിൽ ഭക്തൻ സമർപ്പിച്ച് മാല കാണാനില്ല . ആ മാല മോഷണം പോയതായി കരുതി അവർ അന്വേക്ഷണം ആരംഭിച്ചു .
ആ സമയം ഉണ്ണി കണ്ണൻ തനിക്കു നൽകിയ സ്വർണ്ണമാലയമിട്ടു തൻറെ മാതാപിതാക്കളുടെ അടുത്ത് ചെന്നു . ആ സ്വർണ്ണമാല കണ്ണൻ നൽകിയ സമ്മാനമാണെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ വിശ്വസിച്ചില്ല . ആ സമയം ക്ഷേതത്തിലെ കൃഷ്ണ വിഗ്രഹത്തിലെ മാല മോഷണം പോയ വിവരം അവരുടെ ചെവികളുലുമെത്തി . ആ കുട്ടിയാണ് മാല മോഷ്ട്ടിച്ചതെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കൾ കുട്ടിയേയും കൂട്ടി ക്ഷേത്രത്തിലോട്ട് ചെന്നു . ചെയ്ത തെറ്റിന് മാപ്പ് പറയിക്കുവാനാണ് കൂട്ടി കൊണ്ട് പോയത് . എന്നാൽ നിഷ്കളങ്കനായ ഉണ്ണി അവിടെ പൂജാരിയോടും മറ്റുള്ളവരോടും പറഞ്ഞത് കണ്ണൻ തനിക്ക് തന്നതാണീ സ്വർണ്ണ മാലയെന്നാണ് . അവിടെ ആരും അത് വിശ്വസിച്ചില്ല . കുട്ടി മോഷ്ടിച്ചതാണെന്ന് കരുതി അവനെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ അവൻ വിഷമത്തോടെ മാലയൂരി കൈകളിലെടുത്തു. കണ്ണാ നീയെൻറെ ചങ്ങാതിയല്ലേ . ഒന്ന് പറ കണ്ണാ ഞാൻ കട്ടതല്ലെന്ന്, നീ സമ്മാനം നൽകിയതാണെന്ന് . ഒന്ന് വാ കണ്ണാ. ” എന്നാൽ കണ്ണനെ കാണാതായപ്പോൾ ഉണ്ണി നിൻറെ മാലയും വേണ്ട . നിൻറെ ചങ്ങാത്തവും വേണ്ടയെന്നു പറഞ്ഞു കൊണ്ട് മാല അടുത്ത് കണ്ട കൊന്ന മരത്തിലോട്ട് വലിച്ചെറിഞ്ഞു. ആ മാല ചെന്ന് മരത്തിൽ വീണതോടെ ഒരു അതിശയം സംഭവിച്ചു . ആ മരം മുഴുവനും സ്വർണ്ണ നിറത്തിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞു. അപ്പോൾ ശ്രീകോവിലിനുള്ളിൽ നിന്നും ഒരു അശിരീരി കേട്ടു . ഈ ഉണ്ണി എൻറെ കളിത്തോഴനാണ് . അവൻറെ നിഷ്കളങ്കമായ ഭക്തി കണ്ട് പ്രസാദിച്ച് ഞാൻ നൽകിയ സമ്മാനമായിരുന്നു ആ മാല . അതിനാൽ ഈ കണിക്കൊന്നപ്പൂവ് കൊണ്ട് അലങ്കരിച്ച എന്നെ കണി കാണുന്നവർക്ക് സകല ഐശ്വര്യവും ഉണ്ടാകുന്നതാണ് . അവർക്ക് ഏതൊരു ദുഷ്കീർത്തിയും ഉണ്ടാകുന്നതല്ല. അങ്ങനെയാണ് കണിക്കൊന്നപൂവിൻറെ ഉത്ഭവം. ഓരോ വർഷവും വിഷുവിൻറെ വരവറിയിച്ച് കൊണ്ട് കണിക്കൊന്ന പൂക്കുന്നു . വിഷുക്കണിയായി ഭഗവാനെ അലങ്കരിക്കുകയും ചെയ്യുന്നു .
No comments:
Post a Comment